Sunday, January 31, 2010

മുട്ട എടുക്ക് ഡേ, ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010. ബെസ്റ്റ്!!

ആരാധകരേ, അനുയായികളേ,

നമ്മുടെബൂലോകത്തില്‍ സ്വന്തമായി ക്യാമറയോ ഫോട്ടോബ്ലോഗോ ഇല്ലാത്തവരില്ലല്ലോ. അതുകൊണ്ട് മലയാളം ബ്ലോഗര്‍മാര്‍ക്കായി ഒരു ഫോട്ടോഗ്രാഫി മത്സരംനടത്തുന്ന വിവരം ഇതിനാല്‍ പ്രഖ്യാപിക്കുന്നു.

മുട്ട എടുക്ക് ഡേ, ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010. ബെസ്റ്റ്!!


ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനവും മറ്റുവിശദാംശങ്ങളുമാണ് ഈ പോസ്റ്റിൽ ഉള്ളത്. ഈ മത്സരത്തിൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കേരളത്തിലെ പ്രമുഖ മുട്ടകമ്പനി ബിസിനസ് ഗ്രൂപ്പായ Boiled Eggs Pvt Ltd. ആണ്.

മുട്ട എടുക്ക് ഡേ, ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010. ബെസ്റ്റ്!! -ൽ വിജയികളാകുന്നവര്‍ക്ക് മികച്ച സമ്മാനങ്ങളാണ് കാത്തിരിക്കുന്നത് .

ഒന്നാം സമ്മാനവും രണ്ടാം സമ്മാനം കൂടാതെ മൂന്നാം സമ്മാനവും ഉണ്ട്

ഇവ കൂടാതെ, ഏറ്റവും ആകർഷകമായ ചിത്രം എന്ന് വായനക്കാർ തെരഞ്ഞെടുക്കുന്ന ഒരു ചിത്രത്തിന്റെ ഉടമയ്ക്ക് ഒരു ഫോട്ടോഗ്രാഫിയും ഹോമിയോപ്പതിയും എന്ന ഹാന്റ്ബുക് സമ്മാനമായി ലഭിക്കുന്നു. (സ്പോൺസർ ചെയ്യുന്നത് :പ്രവാസ കവികളുടെ ക്ലബ്).



മത്സരത്തിന്റെ നിയമാവലിയും നിബന്ധനകളും:


1. വിഷയം: Nature‘s Call | പ്രകൃതിയുടെ വിളി.

പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ വളരെലളിതമായ ഒരു വിഷയമാണ് ഈ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രകൃതിയുടെ വിളിയുമായി ബന്ധപ്പെട്ട് എടുക്കുന്ന ഏതു ഫോട്ടോയും നിങ്ങൾക്ക് ഈ മത്സരത്തിനു സമർപ്പിക്കാം. എസ്.എൽ.ആർ ക്യാമറ ഉള്ളവരെ മാത്രമല്ല, വാഷിങ് മഷീന്‍, റേഡിയോ, തയ്യല്‍ മെഷീന്‍, ആട്ടുകല്ല്, ചെവിത്തോണ്ടി, നെയില്‍ക്കട്ടര്‍ അങ്ങനെ എന്തെങ്കിലുമൊക്കെ യന്ത്രം ഉപയോഗിക്കുന്നവരേയും ഈ മത്സരത്തിൽ പങ്കെടുക്കാനായി ഞങ്ങൾ സ്വാഗതം ചെയ്യുന്നു, പ്രോത്സാഹിപ്പിക്കുന്നു. അവാർഡ് ക്യാമറയ്ക്കല്ല, യന്ത്രത്തിനാണ് എന്നോർക്കുക. ഒരാൾക്ക് ഒരു ഫോട്ടോമാത്രമേ മത്സരത്തിനായി സമർപ്പിക്കുവാൻ അനുവാദമുള്ളൂ. കൂടുതല്‍ സമര്‍പ്പിക്കാന്‍ അനോണി ഐഡി ഉപയോഗിക്കുക.

2. ആർക്കൊക്കെ പങ്കെടുക്കാം:
സ്വന്തമായ ഒരു മൊബൈല്‍ ഫോണും ബ്ലോഗ് പ്രൊഫ്രൈലും ഉള്ള (ബ്ലോഗർ, വേഡ്പ്രസ്, അനോണി ഐഡി, ഏതും ആവാം) മലയാളികൾക്ക് ഇതിൽ പങ്കെടുക്കാം. സ്വന്തമായി ബ്ലോഗ്പ്രൊഫൈൽ വേണം എന്നേയുള്ളൂ‍, ഫോട്ടോ എടുക്കാന്‍ അറിയണം എന്നൊന്നുമില്ല. ഓരോ എൻ‌ട്രിയോടൊപ്പവും പങ്കെടുക്കുന്ന ആളിന്റെ അനോണി ഐഡികളുടെ ഡീറ്റൈത്സും കേരളത്തിലെ സ്ഥിരമായ മേൽ‌വിലാസവും നൽകേണ്ടതാണ്. ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതല്ല.

സ്വന്തമായിഅടുത്ത ബന്ധുക്കളുള്ളവരോ അണിയറപ്രവര്‍ത്തനമുള്ളവരോ ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.

3. വിധികർത്താക്കൾ: മൂന്നു വിധികർത്താക്കൾ ചേര്‍ന്ന ഒരു പാനലായിരിക്കും ചിത്രങ്ങളെ വിലയിരുത്തി ആദ്യമൂന്നു സമ്മാനാർഹരെ നിശ്ചയിക്കുന്നത്. വിധികർത്താക്കൾ താഴെ പ്പറയുന്നവരായിരിക്കും.


1. കാട്ടിപ്പരുത്തി

ഇദ്ദേഹം ഫോട്ടോഗ്രാഫിയിലെ ‘സംഗതി‘കള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ദനാണ്. പലരംഗങ്ങളിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയുമാണ്

2. കെ. ചിന്താമണി

ജഡ്ജിയായി റിട്ടയര്‍ ചെയ്തു.ഇപ്പോള്‍ ഫോട്ടോഗ്രാഫി, യോഗ, ഡോഗ് ഷോ ഒക്കെ ആയി കഴിഞ്ഞുകൂടുന്നു. ചിന്താമണി കൊലക്കേസ് അടക്കം അനേകം കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ജഡ്ജ്.

3. വാളയാര്‍ പരമശിവം

വര്‍ഷങ്ങളായി സ്വന്തം മൊബൈല്‍ ക്യാമറ വെച്ച് ചിത്രങ്ങളെടുത്തുകൊണ്ടിരിക്കുന്ന ഇദ്ദേഹം പൊള്ളാച്ചി ജില്ലയിലെ ഏക ടെക്നിക്കല്‍ ഫോട്ടോഗ്രാഫറാണ്. പാചകം, മോഷണം, സാമൂഹ്യപ്രവര്‍ത്തനം, Agraphology, Ergasiophology, Gephyrology തുടങ്ങിയ മേഖലകളിൽ മേഖലകളിൽ പ്രവർത്തന പരിചയം.



4. സമ്മാന നിർണ്ണയരീതി: താഴെപ്പറയുന്ന മൂന്നു കാര്യങ്ങളെ ആസ്പദമാക്കിയാവും ഓരോ ഫോട്ടോയും വിലയിരുത്തപ്പെടുക.


A. Dressing Sense: സ്റ്റാര്‍ സിങ്ങര്‍ പോലുള്ള ടാലന്റ് ഷോകളിലെ ജഡ്ജിമാര്‍ ഊന്നിപ്പറയുന്നതുപോലെ ചുമ്മാ ഒരു ഫോട്ടോ എടുക്കുന്നതിലല്ല കാര്യം. ചുറുചുറുക്കുള്ള പ്രസന്റേഷന്‍ ആണ് പ്രധാനം. ഇറ്റ് ഷുഡ് ബീ എ കമ്പ്ലീറ്റ് പാക്കേജ് യൂ നോ! അതുകൊണ്ട് പല ആംഗിളില്‍ നിന്നെടുത്ത പ്രൊഫൈല്‍ ചിത്രം വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സോടു കൂടെ മത്സരത്തിനയക്കുക.

B. Technical aspects: ഫോട്ടോ എടുത്ത സമയത്തെ അന്തരീക്ഷ മര്‍ദ്ദം, ക്യാമറയുടെ ആപേക്ഷിക താപനില, ഫോട്ടോ എടുത്ത സമയത്തെ സ്റ്റോക് എക്ചേഞ്ച് റേറ്റിനെക്കുറിച്ചുള്ള ധാരണ തുടങ്ങിയ ടെക്നികല്‍ കാര്യങ്ങളിലെ സൂക്ഷമത പ്രധാനമാണ്.

C.General Knowledge: ടെക്നിക്കല്‍ കാര്യങ്ങള്‍ കൂടാതെ ഗ്ലോബല്‍ വാര്‍മിങ്ങ്, Pi യുടെ മൂല്യം, തിയറി ഓഫ് റിലേറ്റിവിറ്റി, പെറുവിന്റെ വിദേശകാര്യനയം, സൂഫിയാ മദനിയുടെ കേസിന്റെ വിശദാംശങ്ങള്‍, സക്കറിയയുടെ ചെറുകഥകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എത്രത്തോളം വിവരമുള്ള ആളാണ് ഫോട്ടോഗ്രാഫർ എന്നതും ഏറ്റവും പ്രധാനമായ കാര്യമാണ്.

D.Creativity and perspective: കോപ്പ്. ഇതില് വലിയ കാര്യമൊന്നുമില്ല.